2015, ജൂൺ 5, വെള്ളിയാഴ്‌ച

Kuriyachan

കുരിയച്ചന്‍ 
Kuriyachan, the Padre Cruz 
എം.എസ്. അഗസ്റ്റിന്‍
 
നെട്ടൂരിലെ കുരിയച്ചന്‍ 
(Kuriyachan @ Nettoor)

 കുരിയച്ചന്‍ പലര്‍ക്കും ഒരു പുണ്യവ്യക്തിയാണ്. കുരിശിനെ ഒരു വ്യക്തിയായി കണ്ടുള്ള സങ്കല്പം. വെണ്ടുരുത്തിലെയും പിന്നീട് നെട്ടൂരിലെയും ഇതിഹാസം.

 


നെട്ടൂരിലെ വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ ഗ്രോട്ടോയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മരകുരിശാണ് കുരിയച്ചന്‍ എന്ന പേരില്‍ നെട്ടൂരില്‍ അറിയപ്പെടുന്നത്. 1940 കള്‍ക്ക് മുമ്പ്  വെണ്ടുരുത്തിയില്‍, ഇടവകപ്പള്ളിയായ വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തിന്റെ കീഴിലുള്ള വിശുദ്ധ കുരിശിന്റെ പള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന ഈ കുരിശിന് 200 വര്‍ഷത്തിലേറെ പഴക്കമണ്ട്.   
        1942 ല്‍ കൊച്ചി നേവല്‍ബേസിനു വേണ്ടി സ്ഥലമേറ്റെടുത്തതിനെ തുടര്‍ന്ന് വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരേക്ക് കുടിയേറി പാര്‍ത്തവര്‍ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയനാമത്തില്‍ നെട്ടൂരില്‍ ഒരു ദേവാലയം പണിത് നെട്ടൂര്‍ ഇടവക (I.H.M. Church, Nettoor)ആരംഭിച്ചു. തങ്ങളുടെ പൈതൃകസ്വത്തായ കുരിയച്ചനെ അവര്‍ നെട്ടൂരേക്ക് കൊണ്ടുപോന്നു, ഒരു കൂര കെട്ടി നെട്ടൂരില്‍ പ്രതിഷ്ഠിച്ചു. 
വിശുദ്ധ പത്രോസ് പൗലോസ് ദേവാലയം, വെണ്ടുരുത്തി 
    വളരെ പുലര്‍ച്ചെ മുതല്‍ നാനാജാതി മതത്തില്‍പ്പെട്ട ആളുകള്‍ കുരിയച്ചന്റെ അടുക്കലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ പള്ളിയില്‍ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5.00 മണിക്ക് വിശുദ്ധ കുരിശിന്റെ നൊവേനയുണ്ട്. പ്രധാന നേര്‍ച്ച ചുറ്റുവിളക്കും പൂമാലയും. നെട്ടൂരില്‍ സെപ്തംബര്‍ 14 നോടടുത്ത ഞായറാഴ്ച വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച കൊടി കയറ്റത്തോടെ ആരംഭിക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍  ഞായറാഴ്ച സമാപിക്കുന്നു. 
ചരിത്രം
     വേമ്പനാട്ടു  കായല്‍ക്കരയില്‍ തേവരയ്ക്ക് പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്ന വെണ്ടുരുത്തി ഇന്ന് വെല്ലിങ്ണ്‍ ഐലണ്ടി (wellington Island, Kochi)ന്റെ ഒരു ഭാഗമാണ്. വെണ്ടുരുത്തിയിലെ ഇടവക പള്ളിയാണ്. വിശുദ്ധ പത്രോസ് പൗലോസ് ദേവാലയം (St. Peter and Paul church, Venduruthy).  1788 ല്‍ ലൂക്കാ പാദ്രിയുടേയും മിഖേല്‍ കപ്പിത്താന്റേയും നേതൃത്വത്തിലാണ് ഈ പള്ളി പണിതത്. പള്ളിയുടെ അള്‍ത്താര സ്വര്‍ണ്ണം പൂശിയതാണെന്നും പോര്‍ച്ചുഗീസുകാരുടെ നേതൃത്വത്തില്‍ ചൈനക്കാരായ പണിക്കാര്‍ നിര്‍മ്മിച്ചതാണെന്നും പറയപ്പെടുന്നു. 1788 ല്‍ പണിത ഇപ്പോഴത്തെ പള്ളിയിരുന്ന സ്ഥാനത്ത് പോര്‍ച്ചുഗീസുകാര്‍ 1599 ല്‍ ഒരു ദേവാലയം പണിതിരുന്നു. ഈ ദേവാലയം 1676 ലെ വെള്ളപ്പൊക്കത്തില്‍ നശിക്കുകയാണുണ്ടായത്.

വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തെ കൂടാതെ ഒരു കപ്പേളയും ഒരു പള്ളിയും വെണ്ടുരുത്തിയില്‍ ഉണ്ടായിരുന്നു -  കടല്‍ക്കര മാതാവിന്റെ കപ്പേളയും (Star of the Sea Chapel, Venduruthy) വിശുദ്ധ കുരിശിന്റെ പള്ളിയും (Holy Cross Church, Venduruthy).
കടല്‍ക്കര മാതാവ്, വെണ്ടുരുത്തി

കുരിയച്ചന്റെ പള്ളി, വെണ്ടുരുത്തി
     ഒരു കുടുംബപള്ളിയായിരുന്നു വിശുദ്ധ കുരിശിന്റെ ദേവാലയം. കുരിയച്ചന്റെ പള്ളി, നടുക്കത്തെപ്പ ള്ളി, നെടുമ്പറമ്പന്മാരുടെ പള്ളി എന്നീ പേരുകളിലും ഈ പള്ളി അറി യപ്പെട്ടിരുന്നു. ഇപ്പോഴത്തെ കൊച്ചി നേവല്‍ അഡ്‌മിറല്‍ ഓഫീസിനു സമീപമായിരുന്നു വിശുദ്ധ കുരിശി ന്റെ ദേവാലയം.

ഈ പള്ളിയില്‍ വെള്ളിയാഴ്ച ദിവസം കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥ നകളും ഉണ്ടായിരുന്നു. കത്തി നില്‍ക്കുന്ന മെഴുകുതിരികളുടെ ഒരു മഹാപ്രപഞ്ചം തന്നെ വെള്ളിയാഴ്ച കളില്‍ അവിടെ കാണാമായിരുന്നു. നോമ്പുകാലത്ത് വിയാസാക്രയും (Via Sacra കുരിശിന്റെ വഴി)  മറ്റ് ദിവസങ്ങളില്‍ പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.
ഇടവകക്കാരനായ നെടുമ്പറമ്പില്‍ പൈലി പേറുക്കുഞ്ഞന്‍ പണികഴിപ്പിച്ച തായിരുന്നു ഈ ദേവാലയം. അദ്ദേഹത്തിന് അവകാശമായി കിട്ടിയ കുടുംബസ്വത്തില്‍ ആറ് ഏക്കര്‍ സ്ഥലം ഇടവകയ്ക്ക് നല്‍കി അതില്‍ പള്ളി പണിയുകയാമുണ്ടായത്. ഈ ദേവാലയത്തിന്റെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരുന്ന ക്രൂശിതരൂപത്തിനു മുമ്പിലായി, താഴെ ഒരു മരക്കുരിശ് പ്രതിഷ്ഠിച്ചിരുന്നു. ഈ മരക്കുരിശിനെ ആളുകള്‍ കുരിയച്ചന്‍ എന്നു വിളിച്ചിരുന്നു. കുരിശും ഈ പള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന മറ്റ് സ്വരൂപങ്ങളും പേറുകുഞ്ഞന്‍ ഗോവയില്‍നിന്നും വാങ്ങിച്ചതാണ്.

നെടുമ്പറമ്പില്‍ പേറുക്കുഞ്ഞന്റെ വീട്ടുകാരായിരുന്നു പള്ളിയുടെ ചെലവുകളും മറ്റ് മേല്‍നോട്ടവും നടത്തിയിരുന്നത്. കാലമേറെയായപ്പോള്‍ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. കാലപ്പഴക്കംകൊണ്ട് പള്ളി ജീര്‍ണ്ണിച്ച് തകരാറായെങ്കിലും പള്ളിയെ പരിപാലിച്ചു കൊണ്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ ഇടിവെട്ടേറ്റ് പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. അള്‍ത്താരയും പള്ളിമുഖപ്പും അത്രയേറെ തകരാതെ നിന്നു. കുരിയച്ചന്‍ കുരിശൊഴിച്ച് മറ്റ് തിരുസ്വരൂപങ്ങളും പൂജാവസ്തുക്കളും ഇടവക പള്ളിയിലേക്ക് മാറ്റി.  

മഴയും വെയിലും കാറ്റുമേറ്റ് കുരിയച്ചന്‍ കുരിശ് കാലങ്ങളോളം അങ്ങനെ നിലകൊണ്ടു. പള്ളിക്കകവും പുറവും കാടുപിടിച്ചു. തിരിച്ചറിവില്ലാത്ത കുട്ടികള്‍ കുരിശിന്റെ കൈകളില്‍ തൂങ്ങിക്കളിക്കുമായിരുന്നു. എങ്കിലും കുരിയച്ചന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കുവാനായി നാട്ടുകാരെത്തിയിരുന്നു; കുരിശിന്റെ മുമ്പില്‍  മെഴുകുതിരികള്‍ കത്തിക്കുവാനും തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും പറയുവാനും.

1940 ല്‍ വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ കുറ്റിക്കലിന്റെ നേതൃത്വത്തില്‍, ഇടവകയില്‍ നിന്നും പിരിവെടുത്ത് കുരിശിന്റെ പള്ളി പുതുക്കിപ്പണിതു. മുടങ്ങിയിരുന്ന വിശുദ്ധ കുരിശിന്റെ തിരുനാള്‍ വീണ്ടും ആരംഭിച്ചു.  

എന്നാല്‍ 1942, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം.   1939 ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയെ ഭരിച്ചിരുന്ന ബ്രിട്ടനും പങ്കാളിയായിരുന്നു. മൂന്നുചുറ്റും സമുദ്രമുള്ള തെക്കേ ഇന്ത്യയില്‍ നാവികാക്രമണത്തിനുള്ള സാധ്യത ഏറെയായിരുന്നു. അതിനാല്‍ സൈനികാവശ്യത്തിന്, പ്രതിരോധത്തിന് ഏറ്റവും ഉചിതമായ ഒരു കേന്ദ്രം കൊച്ചിയില്‍ ആവശ്യമായിരുന്നു. അതിനു പറ്റിയ സ്ഥലമായി സര്‍ക്കാര്‍ കണ്ടത് വെണ്ടുരുത്തിയാണ്. (യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ വെണ്ടുരുത്തിയില്‍ ഒരു ചെറിയ നേവല്‍ യുണിറ്റ് ആരംഭി ച്ചിരുന്നു.)

സൈനിക സുരക്ഷാനിയമം അനുസരിച്ച്  കൊച്ചി നേവല്‍ബേസിനു വേണ്ടി ബ്രിട്ടീഷ് - ഇന്ത്യ സര്‍ക്കാര്‍ വെണ്ടുരുത്തിയില്‍ സ്ഥലമേറ്റെടുക്കുവാന്‍ ആരംഭിച്ചു. പുതുക്കിപ്പണിത വിശുദ്ധ കുരിശിന്റെ ദേവാലയവും കടല്‍ക്കര മാതാവിന്റെ കപ്പേളയും ഉള്‍പ്പെടെയുള്ള വെണ്ടുരുത്തി സൈനികാവശ്യത്തിനായി 1942 മുതല്‍  സര്‍ക്കാര്‍ ഏറ്റെടുത്തു തുടങ്ങി. നാനാജാതികളിലായി അഞ്ഞൂറിലേറെ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഇടവക ദേവാലയമായ വിശുദ്ധ പത്രോസ് പൗലോസ് ദേവാലയത്തിന്റെ സമീപപ്രദേശവും വാത്തുരുത്തിയും ഒഴിവാക്കപ്പെട്ടു.

1942-44 കാലങ്ങളില്‍ വെണ്ടുരുത്തിക്കാര്‍ പള്ളുരുത്തി, പെരുമ്പടപ്പ്, കൊച്ചി, തേവര, തൃപ്പൂണിത്തുറ, കോന്തുരുത്തി, വൈറ്റില, നെട്ടൂര്‍ തുടങ്ങിയ സമീപപ്രദേശത്തേക്ക് കുടിയേറി. കുടിയൊഴിപ്പിക്കലിനുശേഷം അവ ശേഷിച്ചത് ഇടവകപ്പള്ളിക്കു ചുറ്റുമുള്ള പത്തുമുപ്പത് വീടുകള്‍ മാത്രം.  കുടിയൊഴിഞ്ഞ ചിലര്‍ വാത്തുരുത്തിയിലേക്ക് താമസം മാറ്റി. ഏതാണ്ട് ഇരുന്നൂറ്റി പതിനഞ്ചോളം (215) വീട്ടുകാര്‍ നെട്ടൂരിലേക്കാണ് കുടിയേറിയത്.   

നെട്ടൂര്‍
നെട്ടൂരിലെ വിശുദ്ധ കുരിശിന്റെ ദേവാലയം 1947 


കുടിയേറിയവര്‍ നെട്ടൂര്‍ വടക്കെ കോളനിയില്‍ ഒരു പള്ളി പണിയുകയുണ്ടായി.  
1947 മെയില്‍ ആരംഭിച്ച ദേവാലയ നിര്‍ മ്മാണം  ഡിസംബറില്‍ പൂര്‍ത്തിയായി. ഡിസം ബര്‍ 23 ന് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അലക്‌സാണ്ടര്‍ ലന്തപ്പറമ്പില്‍ നെട്ടൂര്‍ ഇടവകയെ പരിശുദ്ധ കന്യാ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയും മറിയത്തിന്റെ വിമലഹൃദയ ദേവാലയം (Imma-culate Heart of Marys Church) എന്ന് നാമക രണം ചെയ്തു കൊണ്ട് പള്ളിയും തുടര്‍ന്ന് ഇടവക സെമിത്തേരിയും ആശീര്‍വദിച്ചു. ഇത് നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയമായിരുന്നു.
കുരിയച്ചന്റെ ഗ്രോട്ടോ, നെട്ടൂര്‍
     പള്ളി പണിത് കാലമേറെയായിട്ടും വെണ്ടുരുത്തിയില്‍ നിന്നും കൂടെ കൊണ്ടു പോന്ന കുരിയച്ചന്‍ കുരിശ് പ്രതിഷ്ഠിക്കാതെ പള്ളി സങ്കീര്‍ത്തിയുടെ ഒരു മൂലയില്‍ പൊടിയും മാറാലയും പിടിച്ച് അങ്ങനെ കിടന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തേക്കിന്‍ കഴകളും ഇരുമ്പുതകിടും കൊണ്ട് പള്ളിസ്ഥലത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയ്ക്ക് ഒരു ഷെഡ്   നിര്‍മ്മിച്ചു. പടിഞ്ഞാറ് പുഴയില്‍ എറണാകുളത്തു  നിന്നും സാധനങ്ങള്‍ കയറ്റി ചന്തവള്ളം അടുക്കുന്ന കടവിന് അഭിമുഖമായിട്ടായിരുന്നു ഷെഡ്ഡ് പണിതത്. ഷെഡ്ഡിനുള്ളില്‍ കുരിശിനെ (കുരിയച്ചനെ) പ്രതിഷ്ഠിച്ചു.

വിശുദ്ധ കുരിശിന്റെ പഴയ ഗ്രോട്ടോ
      കാലമേറെയായപ്പോള്‍ ഷെഡ്ഡ് നശിച്ചുപോയി. വര്‍ഷങ്ങളോളം  വെയിലും മഴയുമേറ്റ് കുരിയച്ചന്‍ അങ്ങിനെ നിന്നു. പിന്നീട് കുറേയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കോട്ടവളപ്പില്‍ പയസ് ഡിസൂസയുടെ സാമ്പത്തിക സഹായത്തോടെ കുരിശിന് അടിത്തറയും ചുറ്റിനും കോണ്‍ക്രീറ്റ് തൂണുകളും ഗ്രില്ലുകളും മേല്‍ക്കൂരയും പണിതു. തട്ടാശ്ശേരി സ്‌കറിയ പൗലോസാണ് പണികള്‍ക്ക് നേതൃത്വം നല്‍കിയത്.  

കാലപ്പഴക്കം കൊണ്ട് ഗ്രോട്ടോയുടെ കോണ്‍ക്രീറ്റ് തൂണുകളും മേല്‍ക്കൂരയും ഗ്രില്ലുമൊക്കെ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. ഈ ഗ്രോട്ടോ പൊളിച്ച് നിശ്ശബ്ദ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി കൂടുതല്‍ സൗകര്യത്തോടെ ഒരു ഗ്രോട്ടോ പുതിയതായി നിര്‍മ്മിച്ചു. നെട്ടൂര്‍പ്പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് സോജന്‍ തോപ്പില്‍ ചെയര്‍മാനായ പതിനൊന്നംഗ കമ്മിറ്റിയാണ് ഗ്രോട്ടോ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.  2011 മാര്‍ച്ച് 17 ന് വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. വര്‍ഗ്ഗീസ് വലിയപറമ്പില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 2012 മെയ് 18 ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ്  കല്ലറക്കല്‍ ഗ്രോട്ടോ ആശീര്‍വദിച്ചു. യേശുകിസ്തുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ആ ദിവസം ആര്‍ച്ച് ബിഷപ്പ് ഈ കപ്പേളയില്‍ പ്രതിഷ്ഠിക്കുകയുണ്ടായി. 

കുരിയച്ചന്റെ ഗ്രോട്ടോ: കുരിയച്ചന്റെ കുരിശും തിരുശ്ശേഷിപ്പും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
കുരിയച്ചന്റെ പള്ളി, നെട്ടൂര്‍          
മുന്നൂറോളം വരുന്ന ഇടവക കുടുംബങ്ങളെ ഉള്‍ക്കൊള്ളാന്‍ 1947 ല്‍ പണിത ആദ്യപള്ളിക്ക് കഴിഞ്ഞിരുന്നില്ല. തെക്കുവടക്ക് നീണ്ടുകിടക്കുന്ന നെട്ടൂരിന്റെ വടക്കുപടിഞ്ഞാറേ അറ്റത്തുള്ള പള്ളി വാഹന സൗകര്യമില്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെയുമായിരുന്നു. പള്ളിയാകട്ടെ പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു കിട്ടിയ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ചതും. പള്ളിയുടെ അസൗകര്യങ്ങളില്‍ അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.  ഈ സാഹചര്യത്തില്‍ പുതിയ ഒരു പള്ളി പണിയുന്നതിനായി ശ്രമമാരംഭിച്ചു.  1957 ല്‍ നെട്ടൂര്‍ - തേവര കടത്തുകടവില്‍ (അമ്പലക്കടവ്) പുതിയ പള്ളി നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിച്ചു.
വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്

          നെട്ടൂര്‍ ഇടവകയെ വെണ്ടുരുത്തിയുടെ കീഴില്‍നിന്നും വേര്‍പെടുത്തി ഒരു സ്വതന്ത്ര ഇടവകയായി വരാപ്പുഴ അതിരൂപത പ്രഖ്യാപിച്ച വര്‍ഷം, 1962 ആഗസ്റ്റ് 22 ന് വികാരി ഫാ. മാത്യു കൂളിയത്ത് പുതിയ ദേവാലയത്തിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. 1970 സെപ്തംബര്‍ 27 വരാപ്പുഴ അതിരൂപതാ വികാരി കാപ്പിറ്റുലര്‍ മോണ്‍സിഞ്ഞോര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ദേവാലയ ത്തെ പരിശുദ്ധ വിമലഹൃദയത്തിന് പ്രതിഷ്ഠി ച്ചുകൊണ്ട് ആശീര്‍വദിക്കുകയും ചെയ്തു.

പഴയ പള്ളിയിലെ അള്‍ത്താരയില്‍ നിന്നും കന്യാമറിയത്തിന്റെ തിരുസ്വരൂപം മാറ്റി അവിടെ വിശുദ്ധ പരിശുദ്ധ കുരിശിനെ പ്രതിഷ്ഠിച്ചു. 'മറിയത്തിന്റെ വിമല ഹൃദയ ദേവാലയം'  എന്ന പേര് മാറ്റി; പഴയപള്ളിയെ 'വിശുദ്ധ കുരിശിന്റെ ദേവാലയം' (Holy Cross church, Nettoor) എന്ന് പുനഃനാമകരണം ചെയ്തു. പുതിയ പള്ളിക്ക് 'മറിയത്തിന്റെ വിമല ഹൃദയ ദേവാലയം' (I.H.M. Church, Nettoor) എന്ന് പേരും നല്‍കി. പുതിയദേവാലയം ഇടവകപ്പള്ളിയായി. ആദ്യ ദേവാലയത്തിലെ അനുദിന തിരുകര്‍മ്മങ്ങള്‍ പുതിയപള്ളിയില്‍ നടത്തുവാന്‍ തുടങ്ങി. സെമിത്തേരി പഴയ പള്ളിയില്‍ ആയതിനാല്‍ പരേതര്‍ക്കു വേണ്ടിയുള്ള കര്‍മ്മങ്ങള്‍  ആദ്യപള്ളിയില്‍ തന്നെ  നടത്തിയിരുന്നു. 

വിശുദ്ധ കുരിശിന്റെ ദേവാലയ അള്‍ത്താര 1970
ഇടവകയ്ക്ക് പള്ളികള്‍ രണ്ടായപ്പോള്‍ പള്ളികളെ തിരിച്ചറി യുവാന്‍ പുതിയ പുതിയ പേരുകളുണ്ടായി. ആദ്യ പള്ളിക്ക് പഴയ പള്ളി, വടക്കേപ്പള്ളി, കുരിയച്ചന്റെ പള്ളി, കുരിശിന്റെ പള്ളി, സെമിത്തേരിപ്പള്ളി, കോളനിപ്പള്ളി എന്നൊക്കെ പേരായപ്പോള്‍ രണ്ടാമത്തെ പള്ളിയെ പുതിയ പള്ളി, തെക്കേപ്പള്ളി, മാതാവിന്റെ പള്ളി,  ഇടവകപ്പള്ളി, കടവിലപ്പള്ളി എന്നെല്ലാം വിളിച്ചു തുടങ്ങി. കാലപ്പഴക്കം കൊണ്ട് ആദ്യ ദേവാലയം ജീര്‍ണാവസ്ഥയിലായി. മേല്‍ക്കൂരയും ചുമരും തകര്‍ന്നതിനെത്തുടര്‍ന്ന് കിഴക്കു വശത്തെയും പടിഞ്ഞാറുവശത്തെയും വിംഗുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പൊളിച്ചു മാറ്റി അറ്റകുറ്റപ്പണികള്‍ തീര്‍ത്തിരുന്നു. പള്ളിയുടെ കുരിശാകൃതി അങ്ങിനെ നഷ്ടമായി. 49 വര്‍ഷങ്ങളായപ്പോഴേയ്ക്കും പള്ളിയുടെ  ചുവരുകള്‍ പൊട്ടുവാനും മേല്‍ക്കൂര ചോരുവാനും തുടങ്ങി. 
വിമലഹൃദയ മാതാവിന്റെ പള്ളി, നെട്ടൂര്‍ 1970
     സാഹചര്യത്തില്‍ പള്ളി പൊളിച്ച് പുതിയത് നിര്‍മ്മിക്കുക മാത്രമേ നിവൃത്തിയുള്ളൂ. പക്ഷെ സാമ്പത്തികമായി അത്രയ്ക്ക് മെച്ചമല്ലാത്ത ഇടവകയ്ക്ക് പള്ളിപണി ചെലവ് താങ്ങാന്‍ പറ്റുമായിരു ന്നില്ല.അതിനാല്‍ 1997 ല്‍ ചേരാനെല്ലൂരിലെ പാഷ ണിസ്റ്റ് സിസ്‌റ്റേഴ്‌സിന്    മഠം പണിയുന്നതിനായി ഒന്നര ഏക്കര്‍ സ്ഥലം  വിലയ്ക്ക് കൊടുത്തു. ആ തുകയും ഇടവകാംഗങ്ങ ളില്‍ നിന്നുമുള്ള പിരിവും കൊണ്ട്  പുതിയ പള്ളി പണിതു. പള്ളിയുടെ ശിലാ സ്ഥാപനം 1996 സെപ്തം ബര്‍ 12 ന്  ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേ ലിയൂസ് ഇലഞ്ഞിക്കലും   ദേവാലയാശീര്‍വ്വാദം 1997 മെയ് 30 ന് ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലും   നടത്തി. ആശീര്‍വ്വാദം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് പഴയ ദേവാലയം, നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം പൊളിച്ചുമാറ്റി.  പഴയ വടക്കെ പള്ളിക്കു പകരം പുതിയ വടക്കെ പള്ളി വന്നു.

     കുരിയച്ചന്റെ നൊവേന
    വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ കുരിയച്ചന്റെ നൊവേന ആരംഭിക്കുന്നത് വികാരിയായിരുന്ന സെബാസ്റ്റിന്‍ കുന്നത്തൂരച്ചനാണ്; 1974 സെപ്തംബര്‍ 14 ന്. അതുവരെ കുരിശിന്റെ നടയില്‍  മറ്റ് മതസ്ഥര്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ തിരികള്‍ കത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചുറ്റുവിളക്കും പൂമാലയുമെന്ന നേര്‍ച്ച കഴിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ അത്മായര്‍ പ്രത്യേകമായി പ്രാര്‍ത്ഥനകളും കൊന്തയും നടത്തിയിരുന്നു.നവീകരിച്ച വിമലഹൃദയ മാതാവിന്റെ ദേവാലയം 2014
കുരിയച്ചന്റെ ഗ്രോട്ടോ ഉള്‍വശം

പകർപ്പവകാശം: സ്വതന്ത്ര സോഫ്റ്റ്‌‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം പതിപ്പ് 1.2 / പുതിയ പതിപ്പുകൾ പ്രകാരം പകർത്താനും, വിതരണം ചെയ്യാനുള്ള അവകാശങ്ങൾ നൽകുന്നു.